സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ്

സംസ്ഥാന സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിനായി രൂപികരിച്ച സഹകരണ പെന്‍ഷന്‍ ബോര്‍ഡ് നിലവില്‍ രണ്ടു പെന്‍ഷന്‍ പദ്ധതികള്‍ നടപ്പാക്കി വരുന്നു. സംസ്ഥാന സഹകരണ ജീവനക്കാരുടെ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി -1994,സംസ്ഥാന -ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി-2005 . സംസ്ഥാന സഹകരണ ജീവനക്കാരുടെ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി 1994 ല്‍ സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍, റീജണല്‍ സെന്‍ട്രല്‍, അപ്പക്സ് സഹകരണ സംഘങ്ങള്‍ എന്നിവ കൂടാതെ സഹകരണേതര വകുപ്പുകളായ ക്ഷീരം, കയര്‍,ഇന്‍ഡസ്ട്രീസ്‌, ഫിഷറീസ്, കൈത്തറി, ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ്‌ എന്നീ വകുപ്പുകളിലെ സഹകരണ സംഘങ്ങള്‍ക്കും അംഗത്വത്തിന് അര്‍ഹതയുണ്ട്. കൂടാതെ ഇ.പി.എഫ്.എല്‍ അംഗങ്ങളായ സഹകരണ സംഘങ്ങള്‍ക്ക്, സഹകരണ പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നതിനായി ഇ.പി.എഫ്.ലെ പെന്‍ഷന്‍ പദ്ധതിയില്‍ തുടരുന്നതില്‍ നിന്നും ഇളവ് ലഭിച്ചതിനെത്തുടര്‍ന്ന്‍ ഇ.പി.എഫ്.എല്‍ അംഗമായിരുന്ന സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും സഹകരണ പെന്‍ഷന്‍ പദ്ധതി ബാധമാക്കിയിട്ടുണ്ട്.
സംസ്ഥാന – ജില്ലാ സഹകരണ ബാങ്ക് പെന്‍ഷന്‍ പദ്ധതി സംസ്ഥാന സഹകരണ ബാങ്കിലെയും 14 ജില്ലാ സഹകരണ ബാങ്കുകളിലെയും ജീവനക്കാര്‍ക്ക് മാത്രമാണ് ബാധകം. സഹകരണ പെന്‍ഷന്‍ പദ്ധതി 1994 ഉം, സംസ്ഥാന ജില്ലാ സഹകരണ ബാങ്ക് പെന്‍ഷന്‍ പദ്ധതി 2005ഉം സ്വാശ്രയ പദ്ധതികളാണ്. ജീവനക്കാരുടെ പേരില്‍ എംപ്ലോയര്‍ അടവാക്കുന്ന മാനേജ്മെന്‍റ് വിഹിതവും ആയത് നിക്ഷേപിച്ചു ലഭിക്കുന്ന പലിശയും മാത്രം സ്വരൂപിച്ചാണ് വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കി വരുന്നത്.